2013 ഒക്‌ടോബർ 1, ചൊവ്വാഴ്ച

ചേറ്റുവയുടെ സ്വന്തം അബ്ദുക്കയുടെ പത്രജീവിതത്തിന് അരനൂറ്റാണ്ടിന്‍റെ നിറവ്....

ചേറ്റുവയുടെ സ്വന്തം അബ്ദുക്കയുടെ പത്രജീവിതത്തിന് അരനൂറ്റാണ്ടിന്‍റെ നിറവ്....





മഴയിലും,മഞ്ഞിലും വെളുപ്പിന് അഞ്ചരയോടെ ചേറ്റുവക്കാര്‍ക്ക് പരിചിതമായൊരു പതിവ് കാഴ്ചയുണ്ട്, വീടുകളില്‍ പത്രവിതരണത്തിനായി  നടന്നു നീങ്ങുന്ന ചേറ്റുവയുടെ സ്വന്തം ലേഖകന്‍ അബ്ദുക്കയുടെ നേര്‍ചിത്രം .. ആ കാഴ്ചക്ക്‌ ഇന്ന് അമ്പതു വയസ്സ് തികയുന്നു.
        കൃത്യമായി പറഞ്ഞാല്‍ അമ്പതു വര്‍ഷങ്ങള്‍ക്കു മുന്പ് ജൂണിലെ അവസാന ശനിയാഴ്ചയാണ് ഒരു ക്യാമറ ആദ്യമായി കിട്ടുന്നത്. ചേറ്റുവക്കാരനായ അബൂബക്കര്‍ സേട്ട്‌ സമ്മാനിച്ച ക്യാമറയും തൂക്കി വരുന്ന വഴിയിലിതാ അബ്ദുക്കയേയും കാത്ത് 13 മുളകളുമായി (കൂമ്പ് ) ഒരു തെങ്ങിന്‍ തൈ. ക്യാമറയിലും മനസ്സിലും ഒപ്പിയെടുത്ത് നടക്കുമ്പോള്‍ ലോകം കീഴടക്കിയ സന്തോഷമായിരുന്നു ആ കൌമാരക്കാരന്. പിറ്റേന്ന് പ്രമുഖ പത്രങ്ങളില്‍ ആ പടം അടിച്ചുവന്നതോടെ അബ്ദുക്ക ഒന്നു തീരുമാനിച്ചു ..തന്‍റെ വഴി ഇതുതന്നെ. ഫോട്ടോ കണ്ടതിനെതുടര്‍ന്ന് മണപ്പുറം ടൈംസ്‌ എന്ന പേരില്‍ പ്രാദേശിക പത്രം നടത്തിയിരുന്ന വി.എസ്‌.കേരളീയന്‍റെ പിന്തുണയും കൂടിയായപ്പോള്‍ ചേറ്റുവയില്‍ നിന്ന് വി.അബ്ദുവെന്ന പേരില്‍ ഒരു ഗ്രാമീണ പത്രപ്രവര്‍ത്തകന്‍ ഉയര്‍ന്നു വരികയായിരുന്നു. എക്സ്പ്രസ്സിന്‍റെയും, ചന്ദ്രികയുടെയും ഏജന്‍റായ അബ്ദുക്ക ആദ്യം ചരമ-വിവാഹ വാര്‍ത്തകള്‍ കൊടുത്താണ് വാര്‍ത്തയുടെ ലോകത്തെക്ക് പ്രവേശിക്കുന്നത്. പതിയെ ചേറ്റുവയുടെ നാട്ടുവിശേഷങ്ങളും,വികസനവും,വികസനമില്ലായ്മയും,പൂരവും,ആണ്ട് നേര്‍ച്ചയും,
കടലേറ്റവും തുടങ്ങി   വാര്‍ത്തകളുടെ ചെറിയ കുറിപ്പുകളും,ഫോട്ടോകളുമായി തൃശ്ശൂരിലേക്കെത്തി തുടങ്ങി. ദിവസവും അബ്ദുക്കയുടെ വാര്‍ത്തകളും,ഫോട്ടോകളും പ്രസിദ്ധീകരിക്കാത്ത പത്രങ്ങളില്ലെന്നായി. പ്രതിഫലമില്ലാതെയുള്ള അബ്ദുക്കയുടെ പ്രവര്‍ത്തനം പത്രമോഫീസുകള്‍കും വലിയ സഹായകമായി ചേറ്റുവ പാലം യാഥാര്‍ത്യമായ ദിവസം ഒരു പ്രമുഖ പത്രത്തില്‍ വന്ന വാര്‍ത്ത ഇത് അബ്ദുക്കയുടെ പാലം എന്നായിരുന്നു. അത്രയധികം  വാര്‍ത്തകള്‍ പാലത്തിനുവേണ്ടി അബ്ദുക്ക എഴുതീട്ടുണ്ട്.
                       ഫോട്ടോ ജേര്‍ണലിസത്തിന്‍റെ അതികായകന്മാര്‍ പോലും വിസ്മയിച്ചു പോയ ഫോട്ടോകളും അബ്ദുക്കയുടെതായുണ്ട്.ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ മലമ്പാമ്പ് കുറുക്കനെ ചുറ്റി പിടിച്ചതും,ചേറ്റുവ പാലത്തിന്‍റെ കൈവരികള്‍ തകര്‍ത്ത് മുക്കാല്‍ഭാഗവും പുഴയിലേക്കായി നില്‍ക്കുന്ന ടൂറിസ്റ്റ് ബസ്സിന്റെ ചിത്രമെല്ലാം അന്ന് കേരളത്തിലെ ഏതാണ്ടെല്ലാ പ്രമുഖ പത്രങ്ങളും നാലും അഞ്ചും കോളങ്ങളില്‍ അബ്ദുക്കയുടെ പേര് സഹിതം ഒന്നാം പേജിലാണ് കൊടുത്തത്. മഴക്കാലങ്ങളില്‍ അബ്ദുക്കയെടുക്കുന്ന കടല്‍ക്ഷോഭ ചിത്രങ്ങളും ഗ്രാമങ്ങളിലെ വെള്ളക്കെട്ടും ഇന്നും പത്രങ്ങള്‍ക്ക് പ്രിയപ്പെട്ടവ തന്നെ.
                      ചേറ്റുവ വലിയകത്ത് തൈപറമ്പില്‍ പരേതനായ ഹൈദ്രോസ്കുട്ടിയുടേയും, പാതുക്കുട്ടിയുടെയും രണ്ടാമത്തെ മകനായ അബ്ദുക്കാക്ക് പ്രാഥമിക വിദ്യാഭ്യാസമാണ് ഉള്ളത് .എന്നാല്‍ വാര്‍ത്തകള്‍ക്കും ഫോട്ടോകള്‍ക്കും വേണ്ടിയുള്ള നിരന്തര അന്വേഷണം അബ്ദുക്കയെ വേറിട്ടു നിര്‍ത്തി. അബ്ദുക്കയെ കുറിച്ച് ഡോക്യുമെന്ററിയെടുതിട്ടുണ്ട്. കൂടാതെ കൈരളിയിലെ വേറിട്ട കാഴ്ചയിലും, ഏഷ്യാനെറ്റിന്‍റെ സുബൈദയോടൊപ്പം നടന്ന് എന്ന പരിപാടിയിലും അബ്ദുക്ക നിറഞ്ഞുനില്‍ക്കുന്നു. നിരവധി പുരസ്കാരങ്ങളും തേടിയെത്തി. ഇന്നും ചന്ദ്രികയുടെ ഏജന്‍റാണ് അബ്ദുക്ക. രാവിലെ വെളുപ്പിന് എഴുന്നേല്‍ക്കുന്ന അബ്ദുക്ക അഞ്ചു കിലോമീറ്ററോളം നടന്നുള്ള പത്ര വിതരണത്തിനുശേഷം എങ്ങണ്ടിയൂരിലും ചേറ്റുവയിലും കടപ്പുറത്തേക്കും വാര്‍ത്തകളുടെ ലോകത്തേക്ക് .... പിന്നീട് വാര്‍ത്തകളും ഫോട്ടോകളുമായി വൈകീട്ട് തൃശൂരിലെ പത്രമോഫീസുകളിലേക്ക് ..ഒടുവില്‍ തിരികെ ചേറ്റുവ കടവില്‍ ബസ്സിറങ്ങുമ്പോള്‍ സമയം 8:30pm പതിയെ നടന്ന് വീട്ടിലേക്ക് പോകുമ്പോള്‍ അബ്ദുക്ക മെല്ലെ കുറച്ചകലെയുള്ള പാലത്തിലേക്ക് നോക്കും പാലത്തിലെ വിളക്കുകള്‍ കത്തുന്നുണ്ടോയെന്ന്.. ഇല്ലെങ്ങില്‍ ചേറ്റുവയുടെ സ്വന്തം ലേഖകന്‍റെ വാര്‍ത്ത അടുത്ത ദിവസങ്ങളില്‍ ഉറപ്പായും പ്രതീക്ഷിക്കാം .....


1 അഭിപ്രായം:

  1. ഫോട്ടോ ജേര്‍ണലിസത്തിന്‍റെ അതികായകന്മാര്‍ പോലും വിസ്മയിച്ചു പോയ ഫോട്ടോകളും അബ്ദുക്കയുടെതായുണ്ട്.ചേറ്റുവ ടിപ്പുസുല്‍ത്താന്‍ കോട്ടയില്‍ മലമ്പാമ്പ് കുറുക്കനെ ചുറ്റി പിടിച്ചതും,ചേറ്റുവ പാലത്തിന്‍റെ കൈവരികള്‍ തകര്‍ത്ത് മുക്കാല്‍ഭാഗവും പുഴയിലേക്കായി നില്‍ക്കുന്ന ടൂറിസ്റ്റ് ബസ്സിന്റെ ചിത്രമെല്ലാം അന്ന് കേരളത്തിലെ ഏതാണ്ടെല്ലാ പ്രമുഖ പത്രങ്ങളും നാലും അഞ്ചും കോളങ്ങളില്‍ അബ്ദുക്കയുടെ പേര് സഹിതം ഒന്നാം പേജിലാണ് കൊടുത്തത്.

    മറുപടിഇല്ലാതാക്കൂ